വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ കാഴ്ചകൾ കരളലിയിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മരണസംഖ്യ അറിഞ്ഞതിനേക്കാൾ കൂടുതലാണെന്ന് ഇവിടെ വന്നപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പികെ കൃഷ്ണദാസ്.
“നിരവധി മൃതദേഹങ്ങൾ ചാലിയാർ പുഴയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയതായി അറിയാൻ സാധിച്ചു. കണ്ടെത്തിയ മൃതദേഹങ്ങളൊക്കെ തിരിച്ചറിയുന്നതിന് വേണ്ടി ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരം കരസേന, വ്യോമസേന, നാവികസേന സജീവമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്”.
“നിരവധി പേരാണ് സഹായത്തിനായി എത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകൾ സ്ഥലത്തുണ്ട്. വളരെ സഹായകരമായ പ്രവർത്തനമാണ് സേവാഭാരതി ചെയ്യുന്നത്. ദുരിതത്തിൽ മരിച്ചവരുടെ സംസ്കാരം നടത്താൻ ഇവിടെ സ്ഥലമില്ല. ഈ സാഹചര്യത്തിൽ ശവസംസ്കാര ചടങ്ങുകൾ സേവാഭാരതി ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവിധ സഹായങ്ങളും സേവാഭാരതി ചെയ്യുന്നുണ്ട്”.
ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.