ന്യൂഡൽഹി: ആർഎസ്എസിനെതിരായ പ്രതിപക്ഷ എംപിയുടെ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഉപരാഷ്‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗദീപ് ധൻകർ. ആർഎസ്എസ് യോഗ്യതയുള്ള സംഘടനയാണ്. രാഷ്‌ട്ര സേവനത്തിന് പ്രഥമ സ്ഥാനം നൽകുന്ന അത്തരത്തിലൊരു സംഘടനയെ സഭയിൽ അധിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ധൻകർ പറഞ്ഞു.
ഒരു വ്യക്തിയെ അളക്കാനുള്ള കേന്ദ്രസർക്കാരിന്റെ മാനദണ്ഡം അയാൾ ആർഎസ്എസുകാരൻ ആണോയെന്ന് അറിയുകയാണെന്നായിരുന്നു സമാജ്‌വാദി പാർട്ടി എംപി ലാൽ ജി സുമന്റെ ആരോപണം. നീറ്റ് പരീക്ഷ ഉൾപ്പെടെ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു എംപിയുടെ പ്രതികരണം.
ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച രാജ്യസഭാ അദ്ധ്യക്ഷൻ വിഷയം രാഷ്‌ട്രീയവൽക്കരിക്കരിച്ചുകൊണ്ട് സഭ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി.
“സമാജ്‌വാദി പാർട്ടി എംപി നിയമങ്ങൾ ലംഘിക്കുകയല്ല പകരം ഭരണഘടനയെത്തന്നെ ചവിട്ടി മെതിക്കുകയാണ് ചെയ്തത്. ആർഎസ് എസ് ഒരു ആഗോള ചിന്താഗതിക്കാരുടെ സംഘടനയാണ്. അങ്ങനെ രാഷ്‌ട്ര സേവനം ചെയ്യുന്നൊരു സംഘടനയെ ഒറ്റപ്പെടുത്താൻ എംപിയെ അനുവദിക്കാനാകില്ല,” അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്‌ക്ക് കീഴിൽ, ദേശീയ വളർച്ചയ്‌ക്കും വികസനത്തിനും സംഭാവന ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ആർഎസ്എസിനുണ്ട്. ഈ രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കെടുക്കാൻ ഭരണഘടനാപരമായ പൂർണ അവകാശമുള്ള സംഘടനയാണ് ആർഎസ്എസെന്നും ജഗദീപ് ധൻകർ വ്യക്തമാക്കി. രാഷ്‌ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ പ്രതിജ്ഞാബദ്ധരായ ആളുകൾ ഉൾകൊള്ളുന്ന സംഘടനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















