വയനാട്: ജില്ലയിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 3,022 പുരുഷന്മാരും 3,398 സ്ത്രീകളും 1,884 കുട്ടികളും 23 ഗര്‍ഭിണികളുമാണുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിതെന്നും കളക്ടർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
ഇടമുറിയാത്ത രക്ഷാദൗത്യത്തിലൂടെ 1,592 പേരെയാണ് രക്ഷിക്കാനായത്.
ഒരു രക്ഷാദൗത്യത്തിൽ ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ ഫലമാണ്. ആദ്യ ഘട്ടത്തിൽ തന്നെ ദുരന്തമുണ്ടായതിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളുമാണുള്ളത്.
ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട് പോയവരും വീടുകളിൽ കുടുങ്ങി പോയവരുമായ 1,386 പേരെ രണ്ട് ദിവസത്തെ രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 201 പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും കളക്ടർ അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ലക്കിടി മണിക്കുന്ന് മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, പൊഴുതന, സുഗന്ധഗിരി, കുറുമ്പാലക്കോട്ട എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.















