ലക്നൗ : വെള്ളക്കെട്ടിലൂടെ പോയ ബൈക്ക് യാത്രികരെ വെള്ളം തെറിപ്പിച്ചു വീഴ്ത്തിയ യുവാക്കൾ അറസ്റ്റിൽ. ലക്നൗവിലാണ് സംഭവം. പവൻ യാദവ്, സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത് . ബുധനാഴ്ച താജ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ പോയ യുവതിയ്‌ക്കും, യുവാവിനുമാണ് ദുരനുഭവം ഉണ്ടായത്.
ബുധനാഴ്ച ലക്നൗവിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തിരുന്നു. മഴയെത്തുടർന്ന് ലക്നൗവിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. താജ് ഹോട്ടലിനു സമീപം കടന്നുപോകുന്ന റോഡിലും മുട്ടോളം വെള്ളം നിറഞ്ഞു. വെള്ളം നിറയുന്നത് കണ്ട് എത്തിയ ചില യുവാക്കൾ റോഡിൽ ബഹളം വച്ചു. ഇതിനിടയിൽ വഴിയേ പോകുന്നവരോട് മോശമായി പെരുമാറാനും തുടങ്ങി. യാത്രക്കാരനായ വൃദ്ധന്റെ സ്‌കൂട്ടർ വെള്ളത്തിലേക്ക് വലിച്ചെറിയുകയും മറ്റ് കാൽനടയാത്രക്കാർക്ക് നേരെ വെള്ളം തെറിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ബൈക്കില്‍ എത്തിയ യുവതിയ്‌ക്കും, യുവാവിനും മേൽ ഇവർ വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചിലര്‍ ബൈക്ക് പിന്നിലേക്ക് വലിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയും, യുവാവും വെള്ളത്തിലേക്ക് വീഴുകുമായിരുന്നു. ഇതിനിടക്ക് ഒരാള്‍ യുവതിയുടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു.















