കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം. മന്ദാകിനി നദി കരകവിഞ്ഞതോടെ കേദാർനാഥ്-സോൻപ്രയാഗ്-ഗൗരി കുണ്ഡ് റൂട്ടിൽ വെള്ളം കയറി. മുൻകരുതൽ നടപടിയായി ദുരന്തബാധിത മേഖലകളിലെ മാർക്കറ്റുകളും ഹോട്ടലുകളും അധികൃതർ ഒഴിപ്പിച്ചു.
കേദാർനാഥ് തീർത്ഥാടകർ കാൽനടയായി സഞ്ചരിക്കുന്ന ഭീം ബാലി പാത സഞ്ചാരയോഗ്യമല്ലാതായെന്നാണ് വിവരം. 200-ഓളം പേർ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്ക സാഹചര്യം മുന്നിൽ കണ്ട് കേദാർനാഥ് തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചു. മന്ദാകിനി നദിയുടെ തീരത്തുള്ളവരെ എസ്ഡിആർഎഫ് ഒഴിപ്പിക്കുകയാണ്.
ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഹോട്ടൽ മേഘസ്‌ഫോടനത്തിൽ ഒലിച്ചുപോയി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്തും മഴ കനക്കുകയാണ്. അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.















