ഉറ്റവരെയും , ഉടയവരെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് വയനാട്ടിലെ ഒരു പറ്റം മനുഷ്യർ . അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളടക്കമുള്ളവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ് . അവർക്കായി സഹായഹസ്തം നീട്ടുകയാണ് കേരളക്കര . പിഞ്ചുകുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുന്ന അമ്മമാരും , രക്ഷിതാക്കളെ നഷ്ടപ്പെട്ട മക്കളെ ചേർത്ത് പിടിക്കാൻ വെമ്പുന്നവരുമാണ് ഏറെ .
ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കലക്ടറുടെ പോസ്റ്റിനു താഴെയാണ് കുട്ടികളെ വളർത്താൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകൾ എത്തിയത് . ‘‘അനാഥരെന്നു കരുതുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മാഡം. എനിക്ക് കുട്ടികളില്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം.’’–എന്നാണ് കോഴിക്കോട് സ്വദേശിയായ ഒരാൾ ആവശ്യപ്പെട്ടിരിക്കുന്നത് .
ഒന്നോ രണ്ടോ കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കാൻ ഞങ്ങൾ റെഡിയാണെന്നാണ് ചില ദമ്പതികൾ പറഞ്ഞിരിക്കുന്നത് . ഹോസ്പിറ്റലിൽ നോക്കാൻ ആളില്ലാത്തവർ ഉണ്ടെങ്കിൽ പ്രത്യേകിച്ചു കുഞ്ഞ് മക്കളുടെ കൂടെ നിൽക്കാൻ തയ്യാറാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് .
‘ ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്സ് ആപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നു.















