ഉന്നം തെറ്റാതെ സ്വപ്‌നിൽ കുസാലെ വെടിയുതിർത്തതോടെ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് താരം വെങ്കലം നേടിയത്. kneeling റൗണ്ടിൽ 6-ാമതായിരുന്ന താരം prone stage-ൽ 5-ാം സ്ഥാനത്തേക്ക് മുന്നേറി. standing Stage-ൽ നാലാം സ്ഥാനത്തേക്കും താരം ഉയർന്നു. 15 വീതം ഷോട്ടുകളാണ് മൂന്ന് റൗണ്ടിലും ഉണ്ടായിരുന്നത്. സ്റ്റാൻഡിംഗ് പൊസിഷൻ പിന്നിട്ടപ്പോൾ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തി. 411.6 പോയിന്റുമായാണ് സ്വപ്‌നിൽ വെങ്കലം നേടിയത്.
പുനെ സ്വദേശിയായ സ്വപ്‌നിൽ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ മിക്‌സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിംഗിൽ നിന്നാണ്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കറും ഇതേ ഇനത്തിലെ മിക്‌സഡ് ടീം ഇനത്തിൽ സരബ്‌ജോത് സിംഗ് – മനു ഭാക്കർ സഖ്യം വെങ്കല മെഡലുകളും സ്വന്തമാക്കിയിരുന്നു.
ബോക്‌സിംഗിൽ നിശാന്ത് ദേവും ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. ഇക്വഡോർ താരം ജോസ് ഗബ്രിയേൽ റോഡ്രിഗസ് ടെനോരിയോയെ 3-2 ന് തോൽപ്പിച്ചാണ് ക്വാർട്ടർ പ്രവേശനം. അടുത്ത മത്സരത്തിൽ ജയിക്കാനായാൽ നിശാന്തിലൂടെ ഇന്ത്യ മെഡൽ നേടും.