ന്യൂഡൽഹി: റെയിൽവേ യാത്രക്കാരിൽ അനാവശ്യഭയം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രോൾ ആർമിയുടെ സഹായത്തോടെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചാരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയുടെ ശ്രദ്ധക്ഷണിക്കലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
58 വർഷത്തെ ഭരണത്തിൽ ഒരു കിലോമീറ്റർ പോലും ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സ്ഥാപിക്കാൻ സാധിക്കാത്തവരാണ് സഭയിൽ ബഹളം വെക്കുന്നത്. ഇത്രയും വർഷങ്ങൾ അവർ എന്തുചെയ്യുകയായിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് ചോദിച്ചു. മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ, അപകടങ്ങളുടെ എണ്ണം 0.24ൽ നിന്ന് 0.19 ആയി കുറഞ്ഞുവെന്ന് പറഞ്ഞപ്പോൾ ഇക്കൂട്ടർ സഭയിൽ കൈയടിച്ചിരുന്നു. ഇന്ന് അത് 0.19 ൽ നിന്ന് 0.03 ആയി കുറഞ്ഞപ്പോൾ അവർ കുറ്റപ്പെടുത്തുന്നു. ട്രെയിനിൽ ദിവസവും യാത്ര ചെയ്യുന്ന 2 കോടി ജനങ്ങളുടെ ഹൃദയത്തിൽ ഭയം നിറയ്‌ക്കാനാണ് കോൺഗ്രസിന്റെ ശ്രമിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
2024-25 ലെ ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 2.62 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 1.08 ലക്ഷം കോടി രൂപ വിനിയോഗിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.















