ന്യൂഡൽഹി: വ്യാജരേഖകൾ ഹാജരാക്കി യുപിഎസ് സിയെ കബളിപ്പിച്ച് ഐഎഎസ് ട്രെയിനിങ്ങിന് അർഹത നേടിയ പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പൂജയുടെ അപേക്ഷ തള്ളിയത്. യുപിഎസ്‌സി പരീക്ഷയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുവെന്ന കേസിലാണ് കോടതി പൂജയ്‌ക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
കേസിലെ അന്വേഷണം ഡൽഹി പൊലീസും അന്വേഷണ ഏജൻസിയും കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. യുപിഎസ്‌സിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ പൂജ ഖേദ്കറിനെ സഹായിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനും കോടതി പൊലീസിന് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം പൂജ ഖേദ്കറുടെ പ്രൊവിഷണൽ കാൻഡിഡേച്ചർ( ഉപധികളോട പരീക്ഷ എഴുതാൻ നൽകിയ അനുമതി) റദ്ദാക്കിയിരുന്നു. പരീക്ഷകളിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. യുപിഎസ്‌സി ഭാവിയിൽ കമ്മീഷൻ നടത്തുന്ന ഒരു പരീക്ഷയും ഇവർക്ക് എഴുതാനാകില്ല. കേസിൽ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ഐഎഎസ് ഉറപ്പാക്കാൻ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, കാഴ്ചാപരിമിതി രേഖകൾ എന്നിവ എന്നിവ വ്യാജമായി ഉപയോഗിച്ചതായി കണ്ടെത്തി.















