ടെൽ അവീവ്: 2023 ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യആസൂത്രകനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡെയ്‌ഫാണ് കഴിഞ്ഞ മാസം ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വച്ച് ഹമാസിന്റെ പ്രധാനപ്പെട്ട നേതാവ് ഇസ്മായിൽ ഹനിയയെ ഇസ്രായേൽ സൈന്യം വധിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഹമാസ് സൈനിക മേധാവിയുടെ മരണം സ്ഥിരീകരിക്കപ്പെടുന്നത്.
ജൂലൈ 13 നാണ് ഖാൻ യൂനിസ് ബ്രിഗേഡിന്റെ കമാൻഡറായ മുഹമ്മദ് ഡെയ്‌ഫ് താമസിക്കുന്ന തെക്കൻ ഗാസയിലെ ഖാൻ യൂനിസ് ഏരിയയിൽ ഇസ്രയേലി പ്രതിരോധ സേന വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കി തടവിലാക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാൾ. ഇതിന് പിന്നാലെയാണ് ഹമാസിനെതിരെ ഇസ്രായേൽ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചത്.
ഹമാസിന്റെ ഏറ്റവും പ്രബലരായ ഭീകരരിൽ ഒരാളും സംഘടനയുടെ തലവൻ യഹിയ സിൻവാറിന്റെ രണ്ടാമത്തെ കമാൻഡായി കാണപ്പെട്ടിരുന്ന ഡെയ്ഫ് ദശാബ്ദങ്ങളായി ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. മുൻപ് നിരവധി ഇസ്രയേലികളുടെ ജീവനെടുത്ത ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം മുഹമ്മദ് ഡെയ്‌ഫ് ഏറ്റെടുത്തിരുന്നു.