രണ്ട് വർഷത്തിനുള്ളിൽ നേമത്തും ചൂളം വിളിയെത്തും. തിരുവന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം ടെർമിനലിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി നേമം മാറും. 78 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്.
നിലവിലെ സ്റ്റേഷൻ കെട്ടിടം പൊളിച്ച് പുതിയത് പണിയും. രണ്ട് പുതിയ പ്ലാറ്റ്ഫോം കൂടി വരുന്നതോടെ ആകെ നാല് പ്ലാറ്റ്ഫോമുകൾ നേമം സ്റ്റേഷനുണ്ടാകും. വലിയ തകരാറുകൾ പരിഹരിക്കാൻ രണ്ഡട് വലിയ ലൈനുകൾ, നാല് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാനായി സബ് വേ, സബ് വേയിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റും തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
സ്റ്റേഷന് എതിർവശത്തായി 650 മീറ്റർ നീളത്തിൽ കോച്ചുകൾ പണിയുന്നതിനും ഷണ്ടിംഗിനുമുള്ള പിറ്റ്ലൈൻ നിർമിക്കും. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. 2026-ൽ നേമം കമ്മീഷൻ ചെയ്യാനാകുമെന്ന് അധികൃതർ പറയുന്നു.















