വയനാട്: കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. മഴ കൂടുതൽ ശക്തമായാൽ മാത്രമേ രക്ഷാപ്രവർത്തനത്തെ ബാധിക്കുകയുള്ളൂവെന്നും ഇപ്പോഴത്തെ അവസ്ഥ പ്രതികൂലമല്ലെന്നും കളക്ടർ പറഞ്ഞു.
ആറ് സോണുകളിലായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. എല്ലാ സോണിലും സേനകളെ വിന്യസിച്ചിട്ടുണ്ട്. 1,376 രക്ഷാപ്രവർത്തകരും ഇവർക്ക് പുറമേ വോളന്റിയർമാരുമുണ്ട്. രണ്ടായിരത്തിലധികം ആളുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. എല്ലാ സോണിലും തെരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുത്തിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തും.
അവിടെയുണ്ടായിരുന്ന ആളുകളുടെ ഫോൺ നമ്പർ ഉപയോഗിച്ച്, മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി തെരച്ചിൽ നടത്തും. ഇതിന്റെയൊക്കെ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ എല്ലാ സംഘങ്ങളുടെയും ഹെഡിന് കൈമാറിയിരുന്നു. ഇത് ഉപയോഗിച്ച് അതത് സ്ഥലങ്ങളിൽ പോയി അവർ തെരച്ചിൽ നടത്തും. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു.
അപകട സാധ്യതയെന്ന് തോന്നുന്ന സ്ഥലങ്ങളിലുള്ള എല്ലാ ആളുകളെയും മാറ്റി പാർപ്പിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നുണ്ട്. പോളിടെക്നിക് കോളേജിൽ ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ പാചകം ചെയ്ത് കഴിഞ്ഞാൽ മറ്റിടങ്ങളിലേക്ക് എത്തിക്കും. ആഹാരത്തിന്റെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടുകളുമില്ലെന്നും കളക്ടർ പറഞ്ഞു.