വയനാട്: ദുരന്തമുണ്ടായി ദിവസങ്ങൾക്ക് ശേഷവും ഉറ്റവരെ അന്വേഷിച്ച് ബന്ധുക്കൾ ദുരന്തമുഖത്ത്. വെള്ളാർമലയിൽ താമസിച്ചിരുന്ന ആറംഗ കുടുംബത്തെ അന്വേഷിച്ചാണ് ബന്ധുക്കൾ സ്ഥലത്തെത്തിയത്. പുഴ ഒഴുകുന്നയിടത്തെല്ലാം വീടായിരുന്നുവെന്നും ഇപ്പോൾ കണ്ടാൽ മനസിലാകുന്നില്ലെന്നും ബന്ധുവായ യുവാവ് പറഞ്ഞു.
പുഴയും പാറക്കല്ലും കിടക്കുന്ന സ്ഥലത്ത് മൂന്ന് വീടുകൾ ഉണ്ടായിരുന്നു. അമ്മ, അച്ഛൻ, അനിയൻ, മക്കൾ എല്ലാരും പോയി. അപകടം നടന്ന സമയത്ത് ഞാൻ അപ്പുറത്തെ കുന്നിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതോടെ ഞങ്ങൾ എഴുന്നേറ്റ് കുന്നിലേക്ക് ഓടി. ഒന്നും കാണാൻ കഴിഞ്ഞില്ല. വീടിരുന്ന സ്ഥലമൊക്കെ നിരന്നുകിടക്കുകയായിരുന്നു. വീടിന്റെ പുറക് വശത്ത് കൂടി ഒഴുകിയിരുന്ന പുഴയാണ് ഗതി മാറി ഒഴുകിയത്. വീടിന്റെ അടയാളം പോലുമില്ല. പൊലീസ് ഉദ്യോഗസ്ഥരാരും കടത്തിവിടാത്തതുകൊണ്ട് ഇന്നലെയൊന്നും വരാൻ കഴിഞ്ഞില്ലെന്നും യുവാവ് പറഞ്ഞു.
ഉരുൾപൊട്ടലിന്റെ ഭീകരതയെ കുറിച്ച് പങ്കുവക്കുകയാണ് ചൂരൽമല സ്വദേശിയായ വയോധികൻ. സുഹൃത്തായ പ്രജീഷാണ് വിവരം തങ്ങളെ അറിയിച്ചത്. ആദ്യം ഉരുൾപൊട്ടി കഴിഞ്ഞപ്പോൾ ഒരു മൃതദേഹം കിട്ടി. പിന്നീട് അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. വലിയ വലിയ ശബ്ദങ്ങളാണ് കേട്ടത്. പാറകൾ കൂട്ടിയിടിച്ചുണ്ടായ വെളിച്ചത്തിൽ പുഴയിൽ പ്രകാശം പരന്നു. കുന്ന് കയറിയാണ് ഞങ്ങൾ ഇവിടേക്ക് വന്നത്. ഒരുപാട് ആളുകളെ രക്ഷപ്പെടുത്തിയ പ്രജീഷ് രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ടുപോയെന്നും നെടുവീർപ്പോടെ വയോധികൻ പറയുന്നു.