വയനാട്: ഉരുൾപൊട്ടലിൽപെട്ട് മരണമടഞ്ഞ വയോധികന്റെ മൃതദേഹം മാറിയെടുത്തതായി സംശയം. ചൂരൽമല സ്വദേശിയായ യൂസഫിന്റെ മൃതദേഹമാണ് മാറിയെടുത്തുവെന്ന് സംശയിക്കുന്നത്. എല്ലായിടത്തും പോയി അന്വേഷിച്ചിട്ടും മൃതദേഹം കണ്ടെത്താനായില്ലെന്നും ആരെങ്കിലും മാറിയെടുത്തുവെന്ന് സംശയിക്കുന്നതായും ബന്ധുവായ അഷ്റഫ് പറഞ്ഞു.
മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന എല്ലാ ആശുപത്രികളിലും പോയി അന്വേഷിച്ചു. വാട്സ്ആപ്പിൽ വന്ന ചിത്രം കണ്ടാണ് മൃതദേഹം യൂസഫിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ചിത്രം അയച്ചയാളെ ബന്ധപ്പെടാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നും അഷ്റഫ് പറയുന്നു.
കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നു. ബന്ധുവായ യുവാവിന്റെ മൃതദേഹം സംസ്കരിക്കാനായി വിദേശത്ത് നിന്നെത്തിയ ജോയിയ്‌ക്ക് മൃതദേഹം കിട്ടിയിരുന്നില്ല. മരുമകൻ ജസ്റ്റിന്റേതാണെന്ന് ഉറപ്പിച്ചാണ് ജോയി നാട്ടിലെത്തിയത്. വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.