ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ ഫയൽ( ഐടിആർ) ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ജൂലൈ 31 ആയിരുന്നു ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി.
2024 ജൂലൈ 31 വരെ 7.28 കോടിയിൽ അധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2023-24 വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 51 ലക്ഷം ആളുകളാണ് പുതിയതായി ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആകെ സമർപ്പിച്ച 7.28 കോടി ഐടിആറുകളിൽ 5.27 കോടി എണ്ണം പുതിയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തത്. 2.01 കോടി പേർ പഴയ നികുതി വ്യവസ്ഥയിൽ തന്നെ തുടരുകയും ചെയ്തു.















