ഛത്തർപുർ : മധ്യപ്രദേശിൽ കിണറിനുള്ളിലിറങ്ങിയ നാല് പേർ കുഴഞ്ഞു വീണ് മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഗാർഹി മൽഹാര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറാഹ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് സംഭവം. ഷെയ്ഖ് അൽതാഫ് (21), ഷെയ്ഖ് അസ്ലം (37), ഷെയ്ഖ് വാസിർ (65), മുന്ന കുശ്വാഹ (45) എന്നിവരാണ് മരിച്ചത്.
നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തതായും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഛത്തർപൂർ പോലീസ് സൂപ്രണ്ട് അഗം ജെയിൻ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിണറിന് 10 മുതൽ 12 അടി വരെ താഴ്‌ച്ചയാണ് ഉണ്ടായിരുന്നത്. ആദ്യം ഒരാളായിരുന്നു കിണറ്റിലിറങ്ങിയത്. അയാൾ ബോധരഹിതനായതിനെത്തുടർന്ന് അയാളെ രക്ഷിക്കാനായി മറ്റുള്ളവരും കിണറിലേക്ക് ഇറങ്ങുകയായിരുന്നു . പ്രാഥമിക പരിശോധനയിൽ വിഷവാതകമാണ് മരണ കാരണമെന്ന് കരുതുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും ജില്ലാ ആശുപത്രി ഡോക്ടർ ആശിഷ് ശുക്ല പറഞ്ഞു.















