തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരത്തിന് പ്രസിദ്ധ സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. ശ്രീകൃഷ്ണ ദർശനങ്ങളെ മുൻനിർത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ശ്രീകുമാരൻ തമ്പി, ഡോ. എ എം ഉണ്ണികൃഷ്ണൻ, ആർ പ്രസന്നകുമാർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും. ഭക്തിഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് ടി.എസ്. രാധാകൃഷ്ണൻ.
എറണാകുളം ശിവക്ഷേത്രത്തിലെ അമ്പലത്തിന്റെ ഊട്ടുപുരയിലെ ഭജനസംഘത്തിൽ പാടിയാണ് സംഗീതയാത്രയുടെ തുടക്കം. 1971-ൽ യേശുദാസിന്റെ സംഗീത യാത്രയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ കർണാടക സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി. യേശുദാസയിരുന്നു വിധി കർത്താവ്.
200 ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
യേശുദാസ്, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത മോഹൻ, ഉണ്ണിമേനോൻ തുടങ്ങി ഒട്ടുമിക്ക ഗായകരും ഇദ്ദേഹത്തിന്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എസ്. രമേശൻ നായരുടെ സുന്ദരമായ ഒട്ടേറെ രചനകൾക്കു ഭാവസാന്ദ്രമായ സംഗീതം നല്കി. യേശുദാസിന് വേണ്ടി എറ്റവും കൂടുതൽ അയ്യപ്പഭക്തിഗാനങ്ങൾ ഒരുക്കിയതും രാധാകൃഷ്ണനാണ്. ശ്രീവാഴും പഴവങ്ങാടിയിലെ, ഒരു നേരമെങ്കിലും, നീലപ്പീലിക്കാവടിയേന്തി, വടക്കുന്നാഥാ സർവം, ഒരു യുഗം തൊഴുതാലും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. പ്രസിദ്ധ ആൽബങ്ങളിലെ പമ്പാ ഗണപതി, തിരുവാറന്മുള കൃഷ്ണാ, വടക്കും നാഥാ, അമ്പലപ്പുഴയിലെൻ, നൃത്തമാടൂ കൃഷ്ണാ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി.