പാരിസ്: ഫ്രാൻസിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം. പാരിസിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് സുഖകരമായ താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി 40 യൂണിറ്റ് പോർട്ടബിൾ എസിയാണ് കേന്ദ്രസർക്കാർ പാരിസിലെത്തിച്ചത്.
ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇന്ത്യയുടെ ഒളിമ്പിക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നടപടി. പാരിസിലെ ഗെയിംസ് വില്ലേജിലുള്ള റൂമുകളിൽ കഴിയുന്ന ഇന്ത്യൻ താരങ്ങൾക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ കൈമാറി.
ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലും മധ്യഫ്രാൻസിലെ ചാറ്റോറോക്‌സ് എന്ന നഗരത്തിലും കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഒളിമ്പിക്സിന്റെ വിവിധ വേദികൾ ഒരുക്കിയിരിക്കുന്നത് ഈ രണ്ട് നഗരങ്ങളിലായാണ്. പലദിവസങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് പാരിസിലെ താപനില. കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഒളിമ്പിക്സ് സംഘാടകർ അത്ലറ്റുകൾക്ക് ശീതീകരണ സംവിധാനമുള്ള മുറികൾ നിരസിച്ചത്. എന്നാൽ ചൂട് അസഹനീയമായതോടെ കായിക താരങ്ങൾക്ക് വേണ്ടി അവരവരുടെ രാജ്യങ്ങൾ സൗകര്യങ്ങൾ ഒരുക്കുകയാണ്.