സെൻ്റ് പീറ്റേഴ്‌സ്ബർഗ് : റഷ്യയുടെ 328-ാമത് നാവിക ദിനത്തിൽ റഷ്യൻ സേനയ്‌ക്കൊപ്പം അണിനിരന്ന് ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് തബാർ. നാല് ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 25 ന് ആണ് ഐഎൻഎസ് തബാർ റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ എത്തിയത്.
ഇരുനാവികസേനകളുടെയും സംയുക്ത അഭ്യാസ പ്രകടനവും ഒരുക്കിയിരുന്നു. റഷ്യൻ നാവികസേനാകപ്പലായ സൂബ്രസിറ്റെൽനിയാണ് ഐഎൻഎസ് തബാറിനൊപ്പം സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്തത്. കമ്മ്യൂണിക്കേഷൻ ഡ്രില്ലുകൾ, സെർച്ച് & റെസ്‌ക്യൂ ടാക്റ്റിക്സ് തുടങ്ങി പരസ്പര പ്രവർത്തനക്ഷമത പ്രകടമാക്കുന്ന നിരവധി അഭ്യാസങ്ങൾ ഒരുക്കിയിരുന്നു.
നാവികാഭ്യാസം മേഖലയിൽ സമാധാനവും സ്ഥിരതയും സുരക്ഷയും നിലനിർത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത വെളിപ്പെടുത്തുന്നതായും നാവികസേന അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ റഷ്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്ന് സേന പ്രസ്താവനയിൽ പറഞ്ഞു.















