ഉധംപൂർ: വിവാഹ സൽക്കാരത്തിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിലെ സത്യാൽതാ ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
വിവാഹച്ചടങ്ങിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും അവശനിലയിലായിരുന്ന കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യ വിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിഷയം സമഗ്രമായി അന്വേഷിക്കാൻ ഉന്നത തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉധംപൂരിലെ അഡിഷണൽ ഡെപ്യുട്ടി കമ്മീഷണർ ജോഗിന്ദർ സിംഗ് ജസ്രോത്യ പറഞ്ഞു. ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.