തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് അമ്മൻ കോവിൽ ക്ഷേത്രത്തിൽ പൂജയ്‌ക്കിടെ പൂജാരിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൂന്തുറ പൊലീസിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി അമ്മൻകോവിൽ ജംഗ്ഷനിൽ നടന്ന മഹാധർണയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
കേരള തന്ത്രിമണ്ഡലം സംസ്ഥാന ട്രഷറർ ഗണപതി പോറ്റി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ആചാരങ്ങളെ അവഹേളിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂജ തടസപ്പെടുത്തി ക്ഷേത്രത്തിൽ നടന്ന പൊലീസ് അഴിഞ്ഞാട്ടം അങ്ങേയറ്റം അപലപനീയമാണെന്ന് കേരള ബ്രാഹ്‌മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് പറഞ്ഞു.
അമ്മൻകോവിൽ ക്ഷേത്ര സെക്രട്ടറി പി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ, വിശ്വകർമ്മ സമുദായം നേതാവ് ആർ.എസ് മണിയൻ, കരമന ബാലൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ കൃഷ്ണൻകുട്ടി, മുത്തുമാരിയമ്മൻ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മണക്കാട് നന്ദകുമാർ, കൗൺസിലർമാരായ ബി.മോഹനൻ നായർ, കെ.കെ.സുരേഷ്, മുൻ കൗൺസിലർ തമ്പാനൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
സ്ഥലത്ത് നേരത്തെയും ബിജെപിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. പൂന്തുറ സിഐ സന്തോഷിന്റെ നേതൃത്വത്തിലുളള പൊലീസുകാരാണ് മണക്കാട് അമ്മൻകോവിലിൽ പൂജ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പൂജാരി അരുൺ പോറ്റിയെ ക്ഷേത്രത്തിൽ നിന്ന് വിളിച്ചിറക്കി അറസ്റ്റ് ചെയ്തത്. പൂന്തുറ സ്റ്റേഷനിലെ ഒരു കേസിന്റെ പേരിലായിരുന്നു നടപടി. ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി വിശദീകരിക്കുകയും ചെയ്തിരുന്നു.
വിലങ്ങ് വച്ച് പൊലീസ് വാഹനത്തിൽ കൊണ്ടുപോയ അദ്ദേഹത്തെ 8.15 വരെ സ്‌റ്റേഷനിൽ സെല്ലിനുളളിൽ ഇടുകയും ചെയ്തു. പിന്നീടാണ് വിട്ടയച്ചത്. സ്റ്റേഷനിൽ നിന്നും മടങ്ങിയെത്തിയാണ് ക്ഷേത്രത്തിലെ പൂജ അരുൺപോറ്റി പൂർത്തീകരിച്ചത്.
സംഭവത്തിൽ ഫോർട്ട് എസ്പിക്ക് അരുൺ പോറ്റിയും ക്ഷേത്ര ട്രസ്റ്റും പരാതി നൽകിയിരുന്നു. എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധമുയർന്നിട്ടും പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടലാണെന്ന ആക്ഷേപവും ശക്തമാകുകയാണ്.