മേപ്പാടി: ഉരുൾപൊട്ടലിൽ വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ചൂരൽമലയിലെ സുദർശന്റെ മകൻ ലെനിൻ ഒലിച്ചു പോയത്. പുതിയ വില്ലേജ് റോഡിൽ നിന്ന് ചൂരൽമല ടൗണിലേക്കിറങ്ങുന്ന നടപ്പാതയ്‌ക്കരികിലാണ് സുദർശന്റെയും കുടുംബത്തിന്റെയും വീട്.
ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടലിന് മുമ്പ് ഇടിമുഴക്കംപോലൊരു ശബ്ദം കേട്ടിരുന്നു. അപകടം തിരിച്ചറിഞ്ഞതോടെ പിതാവ് സുദർശനും മകൻ ലെനിനും ചേർന്ന് കുടുംബത്തിലുള്ളവരെ വീടിന്റെ മുകളിൽ സുരക്ഷിതമായി എത്തിച്ചു. എല്ലാരും മുകളിലെത്തിയപ്പോഴാണ് വളർത്തുനായയുടെ നിർത്താതെയുള്ള കുര കേൾക്കുന്നത്.
ഇതോടെ കെട്ടഴിച്ച് നായയെ രക്ഷിക്കാനിറങ്ങിയ ലെനിൻ ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതിനോടകം ലെനിന്റെ മതൃദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.
ദുരന്തത്തിൽ ഇതുവരെ 344 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ നടത്തുന്നത്. 86 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.















