കോഴിക്കോട്: ഷിരൂരിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലെന്ന് ബന്ധുക്കൾ. ഈശ്വർ മാൽപെ പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കർണാടക സർക്കാരിന്റെ പക്കൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.
തെരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നില്ലെന്നും ജിതിൻ വ്യക്തമാക്കി. കർണാടക സർക്കാരിന്റെ അനുമതിയില്ലാതെ സ്വന്തം താത്പര്യപ്രകാരം ഗംഗാവലി നദിയിലിറങ്ങാനുള്ള സന്നദ്ധതയാണ് മാൽപെ അറിയിച്ചിരിക്കുന്നത്.
മുമ്പും ഗംഗാവലി പുഴയിൽ അർജുനായുള്ള തെരച്ചിൽ ഈശ്വർ മാൽപെ സംഘം നടത്തിയിരുന്നു. എന്നാൽ മൂന്ന് തവണ നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും അടിയൊഴുക്കും, നദി കലങ്ങി മറിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. കുത്തൊഴുക്കിനെ തുടർന്ന് വടംപൊട്ടിയതോടയാണ് സംഘം രക്ഷാദൗത്യത്തിൽ നിന്ന് പിന്മാറിയത്. പുഴയിലിറങ്ങി തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ ഉത്തരവാദികളല്ലെന്ന് എഴുതി കൊടുത്തുകൊണ്ടാണ് ഈശ്വർ മാൽപെ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയത്.