വയനാട്: ‘ഇനിയെന്ത്’ എന്നറിയാതെ മരവിച്ച് നിൽക്കുകയാണ് വയനാട് ദുരന്തത്തിലെ അതിജീവിതർ. സകലതും നഷ്ടപ്പെട്ടവർക്ക് തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ നിരവധി ആളുകൾ ശ്രമിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യത്തിന് മറ്റുള്ളവരുമായി ബന്ധപ്പെടാൻ പ്രയാസപ്പെടുന്നവർക്ക് ഫോൺ നൽകാൻ തയ്യാറെടുക്കുകയാണ് മൊബൈൽഫോൺ കടകളുടെ സംഘടന.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മൊബൈൽ കടക്കാരുടെ സംഘടനയുടെ കളക്ഷൻ സെന്ററുണ്ട്. സംഘടനയിൽ അംഗങ്ങൾ ആയവർക്കോ താല്പര്യമുള്ളവർക്കോ മൊബൈൽ ഫോണുകൾ നൽകാം. ആധാർ കാർഡ് നഷ്ടമായവർക്ക് പകരം സിം ലഭിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. ആധാർ നമ്പർ കൈവശ്യമുള്ളവർക്കും സിം ലഭിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് സംഘടന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സർക്കാർ സഹായിച്ചാൽ, മൊബൈലും സിംകാർഡും ഉൾപ്പെടെ നൽകാനാണ് സംഘടനയുടെ തീരുമാനം. എല്ലാ ജില്ലകളിലും നിന്നും ശേഖരിക്കുന്ന സിമ്മുകളും പവർ ബാങ്കുകളും വയനാട് ജില്ലാ ഭരണകൂടത്തിന് രണ്ട് ദിവസത്തിനകം കൈമാറും.