ന്യൂഡൽഹി: ‘ഹർ ഘർ തിരംഗ’ ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ത്യാഗത്തിന്റെയും വിശ്വസ്തതയുടെയും സമാധാനത്തിന്റെയും പ്രതീകമാണെന്നും അത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പോരാളികളെ അനുസ്മരിക്കാനുള്ള മാദ്ധ്യമമാണ് ഹർ ഘർ തിരംഗ അഭിയാനെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു
” ദേശീയ പതാകയായ നമ്മുടെ ത്രിവർണ്ണ പതാക ത്യാഗത്തിന്റെയും വിശ്വസ്തതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്. “ഹർ ഘർ തിരംഗ അഭിയാൻ” നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിക്കാനുള്ള മാദ്ധ്യമവും. അത് ഇന്ത്യയൊട്ടാകെ ഐക്യം പരത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഹർ ഘർ തിരംഗ ക്യാമ്പയിൻ കഴിഞ്ഞ രണ്ട് വർഷമായി ഏറെ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ നിങ്ങളുടെ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്താനും https: //harghartirang.com” എന്ന വെബ്‌സൈറ്റിൽ സെൽഫി അപ്‌ലോഡ് ചെയ്യാനും അഭ്യർത്ഥിക്കുന്നു.
ജൂലൈ 28 ന് നടന്ന 112-ാമത് ‘മൻ കി ബാത്തിൽ’ പ്രധാനമന്ത്രി മോദി എല്ലാ ജനങ്ങളോടും ‘ഹർ ഘർ തിരംഗ ‘ ക്യാമ്പയ്‌നിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ദേശീയ പതാകയ്‌ക്കൊപ്പം സെൽഫിയെടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ വീടുകളിലും ഓഫീസുകളിലും കടകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പാക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ത്രിവർണ്ണ പതാകയെ വീടുകളിലും, ഓഫീസുകളിലും മറ്റു ഔദ്യോഗിക സ്‌ഥാപനങ്ങളിലും ഉയർത്താൻ സാധാരണക്കാരായ ആൾക്കാരെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. സാധാരണക്കാർക്കിടയിൽ ദേശസ്‌നേഹം വളർത്തുകയും ഇന്ത്യയുടെ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിന് പിന്നിലെ ആശയം.















