ന്യൂഡൽഹി: പ്രസിദ്ധ ക്ലാസിക്കൽ ഡാൻസറും പദ്മവിഭൂഷൺ ജേതാവുമായ യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 83 വയസായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രതിഭാധനരായ ഭരതനാട്യം, കുച്ചിപ്പുടി നർത്തകരിൽ ഒരാളായിരുന്നു യാമിനി കൃഷ്ണമൂർത്തി.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴ് മാസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭൗതികദേഹം ‘യാമിനി സ്കൂൾ ഓഫ് ഡാൻസി’ൽ പൊതുദർശനത്തിന് വയ്‌ക്കും. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മാനേജർ ഗണേഷ് മാദ്ധ്യമങ്ങളെ അറിയിച്ചു.
ആരേയും അതിശയിപ്പിക്കുന്ന കരിയറായിരുന്നു യാമിനി കൃഷ്ണമൂർത്തിയുടേത്. നൃത്തം ജീവിതമാക്കിയ അവർ നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. പദ്മശ്രീ (1968), പദ്മഭൂഷൺ (2001), പദ്മവിഭൂഷൺ (2016) എന്നിങ്ങനെ നൽകി രാജ്യം ആദരിച്ചിരുന്നു. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലുള്ള മഡനപള്ളിയിൽ 1940ൽ ജനിച്ച യാമിനി കൃഷ്ണമൂർത്തി വളർന്നത് തമിഴ്നാട്ടിലെ ചിദംബരത്തായിരുന്നു.















