പാരിസ് ഒളിമ്പിക്‌സ് ആർച്ചറിയിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. വ്യക്തിഗത ഇനത്തിൽ ക്വാർട്ടറിന് യോഗ്യത നേടിയ ദീപികാ കുമാരി പുറത്തായി. ദക്ഷിണകൊറിയയുടെ നാം സു ഹ്യോനോട് 4-6ന് തോറ്റതോടെയാണ് മെഡൽ പ്രതീക്ഷകൾ അസ്തമിച്ചത്. ആദ്യ മൂന്ന് സെറ്റുകളിൽ മുന്നിട്ടുനിന്നെങ്കിലും അവസാന സെറ്റുകളിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. 28,25,29 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സെറ്റുകളിലെ താരത്തിന്റെ സ്‌കോർ.
നാലും അഞ്ചും സെറ്റുകളിൽ 29 പോയിന്റുമായി കൊറിയൻ താരം മുന്നിട്ടുനിന്നപ്പോൾ ദീപികയുടെ പോരാട്ടം 27 പോയിന്റിൽ ഒതുങ്ങി. ജർമ്മൻ താരം മിഷേൽ ക്രോപ്പനെ വീഴ്‌ത്തിയാണ് ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നത്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിൽ കടന്നെങ്കിലും മനു ഭാക്കർ നാലാം സ്ഥാനത്തായി. ഷൂട്ടിംഗിൽ നേരത്തേതന്നെ രണ്ടു മെഡലുകൾ സ്വന്തമാക്കി മനു ഭാക്കർ ചരിത്രം കുറിച്ചിരുന്നു.
ബോക്‌സിംഗിൽ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ നിഷാന്ത് ദേവും റിംഗിലെത്തും. ഇന്ന് ജയിച്ചാൽ താരത്തിന് മെഡൽ ഉറപ്പിക്കാം. അർദ്ധരാത്രി 12.18നാണ് മത്സരം.