വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികമായി തളർന്നിരിക്കുന്നവർക്ക് സഹായഹസ്തവുമായി സൈക്കോ സോഷ്യൽ കൗൺസിലർമാർ. 17 ക്യാമ്പുകളിലേക്കായി 150-ഓളം കൗൺസിലർമാരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്ററുകൾ ക്യാമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ കൗൺസിലർമാർ, രാഷ്‌ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രമിന്റെ കൗൺസിലർമാർ, സ്കൂൾ കൗൺസിലർമാർ, സന്നദ്ധ സംഘടനാ കൗൺസിലർമാർ തുടങ്ങിയ നിരവധി മാനസികാരോഗ്യ വിദഗ്ധരാണ് വിവിധ ക്യാമ്പുകളിലായുള്ളത്.
ഇതിനോടകം തന്നെ 2,000-ത്തിലധികം വ്യക്തിഗത സൈക്കോ സോഷ്യൽ കൗൺസിലിംഗും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 402 പേർക്ക് ഗ്രൂപ്പ് കൗൺസിലിംഗ് സെഷനുകളും നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സെൽ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം, വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, എൽഎസ്ജിഡി എന്നീ വകുപ്പുകളാണ് കൗൺസിലിംഗ് ഏകോപിപ്പിക്കുന്നത്.
പ്രകൃതിയുടെ അപ്രതീക്ഷിത ദുരന്തത്തിൽ നാമാവശേഷമായ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായതിന്റെ ആഘാതത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് കൗൺസിലിംഗ് നൽകുന്നത്. യാഥാർത്ഥ്യം വിശ്വസിക്കാനാകാതെ നിശ്ചലമായ നിൽക്കുന്ന ആളുകളുടെ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.