തിരുവനന്തപുരം: ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്‌ക്കായുള്ള പ്രോട്ടോകോൾ തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദുരിത ബാധിതരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്‌ക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് ഇവ തയ്യാറാക്കിയതെന്നും വീണാ ജോർജ് പറഞ്ഞു.
“തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവരുടെയും സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ട്. കാണാതായവരെ അന്വേഷിച്ച് ആരെങ്കിലും എത്തുമ്പോൾ അവരുടെ സാമ്പിളുകൾ കൂടി എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാൽ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാൻ സാധിക്കും”.
“ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയിൽ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കണം. അവരുടെ ഹൃദയവിചാരങ്ങൾക്കൊപ്പം നിന്നുകൊണ്ട് എന്താണ് പരിശോധന എന്നതും പരിശോധനയുടെ പ്രാധാന്യത്തെ കുറിച്ചും വളരെ സൗമ്യമായി പറഞ്ഞ് മനസിലാക്കണം എന്നതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്”.
അടിയന്തര ദുരന്തഘട്ടത്തിലെ കൗൺസിലിംഗിന്റെ അടിസ്ഥാന തത്വങ്ങളായ നിരീക്ഷിക്കുക, കേൾക്കുക, സഹായം ലഭ്യമാക്കുക എന്നിവ ഉറപ്പാക്കിയാണ് പ്രോട്ടോകോൾ തയ്യാറാക്കിയിരിക്കുന്നത്. അവരുടെ വിഷമം മനസിലാക്കി ശാരീരിക -മാനസിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസം പകരണം. അവർക്ക് സംസാരിക്കാൻ ശാന്തവും സുരക്ഷിതവുമായ അന്തരീഷം ഒരുക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.