പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെങ്കിലും അൽപം വേദനയോടെയാണ് മടങ്ങുന്നതെന്ന് മനു ഭാക്കർ. ഈ അവിശ്വസനീയമായ യാത്രയിൽ എനിക്കൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി. നിങ്ങളുടെ പിന്തുണ ഈ ലോകം മുഴുവൻ തനിക്കൊപ്പം നിൽക്കുന്നതിന്റെ തെളിവാണെന്നും മനു എക്‌സിൽ കുറിച്ചു. വിശ്വ കായികമാമാങ്ക വേദിയിൽ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
I am extremely overwhelmed by the support and wishes that have been coming in. Winning 2 bronze medals is a dream come true. This achievement is not just mine but belongs to everyone who has believed in me and supported me along the way. I couldn’t have done it without the… pic.twitter.com/ZNrXz3D5Jg
— Manu Bhaker🇮🇳 (@realmanubhaker) August 3, 2024
“>
പാരിസ് ഒളിമ്പിക്‌സിൽ രണ്ട് വെങ്കല മെഡലുകൾ നേടുക എന്നത് സ്വപ്‌നസാക്ഷാത്കാരമാണ്. എന്നിൽ വിശ്വാസമർപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത എല്ലാവരുടെയും വിജയമാണിത്. കുടുംബത്തിന്റെയും പരിശീലകൻ ജസ്പാൽ റാണയുടെയും പിന്തുണയില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഈ നേട്ടത്തിൽ എത്താൻ സാധിക്കുമായിരുന്നില്ല. എൻആർഎഐ, ടോപ്സ്, സായ്, ഒജിക്യു, പെർഫോർമാക്സ്, ഹരിയാന സർക്കാർ എന്നിവർക്ക് പ്രത്യേക നന്ദി. ” മനു ഭാക്കർ എക്‌സിൽ കുറിച്ചു.
25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ന് ഫൈനലിന് ഇറങ്ങിയ മനു ഭാക്കറിന് ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ചരിത്ര മെഡൽ നഷ്ടമായത്. മത്സരത്തിനിടെയുണ്ടായ അനാവശ്യ പരിഭ്രമമാണ് താരത്തിന് മെഡൽ നഷ്ടമാക്കിയത്. ”മത്സരത്തിന്റെ ചില ഘട്ടങ്ങളിൽ പരിഭ്രമിച്ചുപോയി. ശാന്തമാകാനും മികച്ച പ്രകടനം പുറത്തെടുക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ, അതുകൊണ്ടും ഒന്നുമായില്ല. പാരിസ് ഒളിമ്പിക്‌സ് എന്നെ സംബന്ധിച്ച് വളരെ മികച്ചതുതന്നെയായിരുന്നു. പക്ഷേ, ഈ ഘട്ടത്തിൽ എനിക്ക് സന്തോഷിക്കാനാകുന്നില്ല. ഈ നാലാം സ്ഥാനമെന്ന് പറയുന്നത് അത്ര നല്ല സ്ഥാനമായി എനിക്ക് തോന്നുന്നില്ല” – മനു ഭാക്കർ മത്സരത്തിന് ശേഷം കണ്ണീരോടെ പറഞ്ഞു.
22കാരിയായ മനു ഭാക്കർ 10 മീറ്റർ പിസ്റ്റൾ വിഭാഗത്തിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലും വെങ്കലം നേടിയിരുന്നു. ഇതോടെ ഒരേ ഒളിമ്പിക്സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ വനിതാത്താരവുമായി.















