വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് നിർദേശവുമായി റവന്യൂ വകുപ്പ്. സംഘടനകൾ കൺട്രോൾ റൂമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിങ്കു ബിസ്വാൾ അറിയിച്ചു.
സന്നദ്ധ പ്രവർത്തകർക്കും രക്ഷാപ്രവർത്തകർക്കും ലഭിക്കുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റ് കൺട്രോൾ റൂമുകളിലോ ഏൽപ്പിക്കണമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി നിർദേശിച്ചു.
വസ്തുക്കൾ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപ്പറ്റണം. ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് കൈമാറണമെന്നും നിർദേശമുണ്ട്.
ഞായറാഴ്ച രാവിലെ 6. 30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യൂ വകുപ്പിന്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെയുള്ള കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ ദുരന്ത മേഖലകളിലേക്ക് കടത്തിവിടുകയുള്ളൂവെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.