ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രസംഗിച്ചതിന് ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്ത്. 1-ന് കൊളത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലെ പെരവള്ളൂരിൽ വെച്ച് നടന്ന ബി.ജെ.പി പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് അറസ്റ്റിനു കാരണം. ഇതിൽ ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലൻ പങ്കെടുത്തു. ഈ പൊതുയോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ കപിലൻ ആഞ്ഞടിച്ചിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും അപകീർത്തികരമായി സംസാരിച്ചു എന്നാരോപിച്ചാണ് കേസ് എടുത്തത്.
ഡി എം കെ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത പെരവള്ളൂർ പോലീസ് ഇന്ന് (ഓഗസ്റ്റ് 4) രാവിലെ വ്യാസർപാടിയിലെ വീട്ടിൽ വെച്ച് കപിലനെ അറസ്റ്റ് ചെയ്തു. കപിലൻ അറസ്റ്റിലായ വിവരമറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടി. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അതേസമയം ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റിന്റെ അറസ്റ്റിനെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ അപലപിച്ചു.
“വടചെന്നൈ വെസ്റ്റ് ബിജെപി ജില്ലാ പ്രസിഡൻ്റ് കപിലനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. പൊതുയോഗത്തിൽ സംസാരിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഡിഎംകെ സർക്കാരിന്റെ ഈ ഫാസിസ്റ്റ് പ്രവണതയെ ഞാൻ ശക്തമായി അപലപിക്കുന്നു.
തമിഴ്‌നാട്ടിലുടനീളം ക്രമസമാധാനം തകരുമ്പോഴും കൊലപാതകങ്ങളും കവർച്ചകളും അനുദിനം അരങ്ങേറുമ്പോൾ ഡിഎംകെ തങ്ങളുടെ രാഷ്‌ട്രീയത്തിനായി പോലീസിനെ ഉപയോഗിക്കുകയാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ കഴിയാത്ത മുഖ്യമന്ത്രി ബി.ജെ.പി.യെ തളർത്താൻ മാത്രമാണ് ചരടുവലി നടത്തുന്നത്.
ഇത്തരം അടിച്ചമർത്തലുകൾക്ക് ഡിഎംകെ സർക്കാരിന്റെ ഭരണ പരാജയമോ മുഖ്യമന്ത്രി സ്റ്റാലിന്റെ ധാർഷ്ട്യമോ മൂടിവെക്കാനാവില്ല. മുഖ്യമന്ത്രി, ബിജെപിക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന കടമയായ ക്രമസമാധാനം നടപ്പിലാക്കുക.”
തന്റെ എക്സ് പോസ്റ്റിൽ കെ അണ്ണാമലൈ പറഞ്ഞു.