പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസിന് നേരെ ബോംബ് ഭീഷണി. കെട്ടിടം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ബീഹാർ പോലീസ് അറിയിച്ചു. ജൂലൈ 16 ന് ആണ് ഭീഷണി സന്ദേശം ലഭിച്ചത് . സംഭവത്തിൽ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ജൂലൈ 16 ന് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത അക്കൗണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു . ഓഫീസ് ബോംബ് വച്ച് തകർക്കുമെന്നും സ്‌പെഷൽ പൊലീസിന് പോലും ഇത് തടയാനാകില്ലെന്നും ആയിരുന്നു സന്ദേശത്തിന്റെ ഉളളടക്കം.
ഭീഷണിയെ തുടർന്ന് ഓഗസ്റ്റ് 2-ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജീവ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സചിവാലയ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (4), (3) എന്നീ വകുപ്പ് പ്രകാരവും ഐ ടി നിയമത്തിലെ സെക്ഷൻ 66 (എഫ്) പ്രകാരവും അജ്ഞാതർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.















