വീണ്ടും പാരിസ് ഒളിമ്പിക്‌സ് വേദിയിൽ വിവാദം. ഇന്ത്യൻ താരം നിഷാന്ത് ദേവിന്റെ പരാജയത്തെ ചൊല്ലിയാണ് പുതിയവിവാദം ഉടലെടുത്തത്. പുരുഷന്മാരുടെ 71 കിലോഗ്രാം ബോക്സിംഗ് ക്വാർട്ടർ ഫൈനലിന്റെ സ്‌കോറിംഗ് രീതി ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം വിജേന്ദർ സിങ്ങും നടൻ രൺദീപ് ഹൂഡയും രംഗത്തെത്തി.
മെക്സിക്കോയുടെ മാർക്കോ വെർഡെയുമായുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരമാണ് മുന്നിട്ട് നിന്നത്. എന്നാൽ രണ്ടാം റൗണ്ടിലും നിഷാന്ത് മികച്ച പ്രകടനം കാഴ്ച വച്ചിട്ടും രണ്ടും മൂന്നും റൗണ്ടുകളിൽ അമ്പയർമാർ വർഡെക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതാണ് വിജേന്ദറിനെയും രൺദീപിനെയും ചൊടിപ്പിച്ചത്.
നിഷാന്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവൻ തിരിച്ചുവരുമെന്ന് ഉറപ്പാണ്. സ്‌കോറിംഗ് സിസ്റ്റം എന്താണെന്ന് തനിക്കറിയില്ലെന്നും വിജേന്ദർ പറഞ്ഞു. മത്സരത്തിലെ യാഥാർത്ഥ വിജയി നിഷാന്താണെന്നും ഇതെന്ത് സ്‌കോറിംഗ് രീതിയാണെന്നും രൺദീപ് ഹൂഡയും ചോദിച്ചു. മെഡലില്ലെങ്കിലും ഹൃദയം കീഴടക്കിയത് നിഷാന്താണെന്നും ഹൂഡ വ്യക്തമാക്കി. ആദ്യ റൗണ്ട് വിജയിച്ച നിഷാന്ത് 4-1-നാണ് മെക്‌സിക്കൻ താരത്തോട് പരാജയപ്പെട്ടത്.