ചെന്നൈ : ആടി അമാവാസി പ്രമാണിച്ച് തമിഴ്‌നാട്ടിലെ എല്ലാ സ്നാനഘട്ടങ്ങളിലും പിതൃ തർപ്പണത്തിനായി ജനലക്ഷങ്ങൾ തടിച്ചു കൂടി.രാമേശ്വരം, തിരുച്ചന്തൂർ, കന്യാകുമാരി തൂത്തുക്കുടി തീരങ്ങളിലും തിരുനെൽവേലി താമ്രപർണ്ണി നദിതീരത്തും ബലിയിടാൻ ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തമിഴ് മാസമായ ആടി മാസത്തിലെ അമാവാസിയാണ് പിതൃ ബലിക്കായി പ്രാധാന്യമുള്ളത്. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കടൽത്തീരത്ത് നിരവധി പേർ പിതൃതർപ്പണം നടത്തി. ഈ വർഷത്തെ ആടി അമാവാസിയോടനുബന്ധിച്ച് ഇന്ന് (ഓഗസ്റ്റ് 4) തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ നാലിന് നടതുറക്കൽ, 4.30ന് വിശ്വരൂപം, അഞ്ചിന് ഉദയമാർത്താണ്ഡ അഭിഷേകം, തുടർന്ന് കാലശാന്തിപൂജ നടന്നു.
ആടി അമാവാസിയോടനുബന്ധിച്ച്, പലരും അതിരാവിലെ മുതൽ തിരുച്ചെന്തൂർ കടലിൽ പുണ്യസ്നാനം ചെയ്യുകയും പിതൃക്കൾക്ക് തർപ്പണം നൽകുകയും തുടർന്ന് സുബ്രഹ്മണ്യസ്വാമിയെ ദർശിക്കുകയും ചെയ്തു. ഇതുമൂലം ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ആടി അമാവാസി പ്രമാണിച്ച് രാമേശ്വരം, തിരുനെൽവേലി താമ്രപർണ്ണി നദി തുടങ്ങി വിവിധ സ്ഥലങ്ങളിൽ പൂർവികർക്ക് തർപ്പണം നടത്താൻ ജനത്തിരക്കേറി. രാമേശ്വരം അഗ്നി തീർത്ഥ തീരത്ത് പൂർവ്വികർക്ക് തർപ്പണം നടത്തി നീണ്ട ക്യൂവിൽ കാത്തുനിന്ന ജനങ്ങൾ ക്ഷേത്രത്തിലെ പുണ്യതീർത്ഥങ്ങളിൽ സ്നാനം നടത്തി.
തഞ്ചാവൂർ ജില്ലയിലെ തിരുവൈയ്യാർ പുഷ്യമണ്ഡപ പടിത്തുറയിൽ നിരവധി പേർ തങ്ങളുടെ പിതൃക്കൾക്ക് തർപ്പണം നടത്തി കാവേരിയിൽ പുണ്യസ്നാനം നടത്തി. മധുരയിലെ വൈഗ നദിയിൽ ആയിരക്കണക്കിന് ആളുകൾ തർപ്പണം നടത്തി. ഈറോഡ് ജില്ലയിലെ ഭവാനിക്ക് സമീപമുള്ള കുടുതുറൈ സംഗമേശ്വര ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ആടി അമാവാസി അവധി ദിനമായതിനാൽ കന്യാകുമാരിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് പതിവിലും കൂടുതലായിരുന്നു.
തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പാപനാശം ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന താമ്രപർണ്ണി നദിയിലും ആടി അമാവാസി, തൈ അമാവാസി, മഹാലയ അമാവാസി തുടങ്ങിയ ദിവസങ്ങളിൽ പതിനായിരങ്ങൾ പിതൃക്കൾക്ക് തർപ്പണം നടത്തുന്നത് പതിവാണ്.ഇക്കുറിയും ഇവിടെ അഭൂത പൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.















