ന്യൂഡൽഹി: വയനാടിന്റെ പുനരുദ്ധാരണത്തിനായി രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സഹായമുണ്ടാകുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരളത്തെ സഹായിക്കാൻ എല്ലാവരും തയ്യാറാണെന്നും ഗോവ സർക്കാർ സഹായിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
കേന്ദ്രവും കേരളവും വയനാടിനായി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. എന്തുകൊണ്ട് സംഭവിച്ചു എന്നതിനെ കുറിച്ചോ, എങ്ങനെ സംഭവിച്ചു എന്നതിനോ കുറിച്ചോ സംസാരിക്കേണ്ട സമയമല്ലിത്. അത്തരം വിവാദങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല. ദുരിതബാധിതരോടൊപ്പം നിൽക്കുക, അവർക്ക് ആശ്വാസം പകരുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യേണ്ടത്. അതോടൊപ്പം അവരെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയെല്ലാം വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഗവർണർമാരുടെ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാടിന് വേണ്ടി സംസാരിച്ചു. എല്ലാ വേദനകളും ഉള്ളിലൊതുക്കി കൊണ്ട് അദ്ദേഹം അവിടെ അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.