വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം കൈമാറിയത്. എക്സിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലുണ്ടായ ദാരുണമായ സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും ദുരിതബാധിതരെ സഹായിക്കാൻ ഒരു കോടി രൂപ സംഭാവന നൽകുന്നുവെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു. ഇത്രയും പ്രയാസമേറിയ സാഹചര്യത്തിൽ ദുരിതബാധിതരായ ആളുകൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകാണ്.
പ്രകൃതിയുടെ രോഷം കാരണം നൂറുകണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. എന്റെ ഹൃദയം നീറുകയാണ്. ദുരന്തത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു.
വയനാടിന്റെ പുനരുദ്ധാരണത്തിനായി അല്ലു അർജുനും സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുന്നതായി അല്ലു അർജുൻ എക്സിലൂടെ അറിയിച്ചു.