ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. സിൽഹേറ്റിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും ജാഗ്രത പാലിക്കാനും ഇന്ത്യയുടെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ അറിയിച്ചു.
അപകട സാഹചര്യങ്ങളിൽ അകപ്പെടുന്നവർക്ക് ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും ഹൈക്കമ്മീഷൻ പങ്കുവച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം ആരംഭിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.
കലാപകാരികളെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. ഇതിന് പിന്നാലെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകർ കലാപകരികളെ പ്രതിരോധിക്കുവാൻ രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ 18 പേരാണ് കൊല്ലപ്പെട്ടത്.