വയനാട്: ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. പുഴയുടെ തീരത്ത് നിന്ന് ഒരു മൃതദേഹം കണ്ടത്തിയിരുന്നു. ഇത് തിരികെ കൊണ്ടുവരാൻ സാധിക്കാത്ത സ്ഥിതിയിലാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
എമർജൻസി റെസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവർത്തകർ ഉൾപ്പെടെ 18 പേരാണ് വനത്തിൽ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തകരുടെ അടുത്തെത്താനുള്ള ശ്രമത്തിലാണെന്നും പ്രവർത്തകർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷാപ്രവർത്തകരെ വനത്തിൽ നിന്നും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ എസ്പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തി വരികയാണെന്ന് വനംവകുപ്പ് പറഞ്ഞു.
നിലവിൽ പ്രവർത്തകരുടെ ആരോഗ്യനില തൃപ്തികരമാണ്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്യുന്നടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു. സൂചിപ്പാറയ്‌ക്ക് സമീപം കണ്ടെത്തിയ മൃതദേഹവും ശരീരാവശിഷ്ടങ്ങളും എയർലിഫ്റ്റ് ചെയ്ത് മേപ്പാടിയിൽ എത്തിച്ചിരുന്നു.















