വയനാട്: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.
രക്ഷാപ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങൾ എത്തുന്നതും ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ജില്ലാ ഭരണകൂടം 8000-ത്തിലധികം ഭക്ഷണപൊതികളാണ് തയ്യാറാക്കി വിതരണം ചെയ്തത്. ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചന്റെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കിയത്. 1,500 ഓളം സൈനികർക്കും, 1,700 ഓളം സന്നദ്ധപ്രവർത്തകർക്കും പ്രഭാത ഭക്ഷണവും പാക്കറ്റ് ഭക്ഷണവും വിതരണം ചെയ്തതായും കളക്ടർ വ്യക്തമാക്കി.