ഗാസ ; വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഹമാസ് ഭീകര നേതാവ് ഇസ്മായിൽ ഹനിയയെ വാഴ്‌ത്തി പ്രസംഗിച്ച അൽ-അഖ്സ മസ്ജിദ് ഇമാമും, ജറുസലേം മുൻ ഗ്രാൻഡ് മുഫ്തിയുമായ ഷെയ്ഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. കിഴക്കൻ ജറുസലേമിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ചോദ്യം ചെയ്യുന്നതിനായി ഇസ്രായേൽ പോലീസ് കൊണ്ടുപോയതായി ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പ്രസ്താവനയിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ഇറാനിൽ വച്ചാണ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് . അതിനു പിന്നാലെ സാബ്രി ജുമ പ്രസംഗത്തിൽ ഹനിയയെ സ്തുതിക്കുകയായിരുന്നു . ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇസ്രായേൽ ആഭ്യന്തര മന്ത്രി മോഷെ അർബെൽ വെള്ളിയാഴ്ച അറ്റോർണി ജനറലിന് അയച്ച കത്തിലാണ് സാബ്രിയെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത് . വെള്ളിയാഴ്ച പ്രാർത്ഥനയെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയാണെന്ന് ഇസ്രായേൽ പോലീസും പ്രസ്താവന ഇറക്കി.
വെള്ളിയാഴ്ചത്തെ പ്രഭാഷണത്തിനിടെ, ഇസ്മായിൽ ഹനിയയെ “രക്തസാക്ഷി”യായി ദൈവം സ്വീകരിക്കണമെന്നാണ് സാബ്രി പറഞ്ഞത് . .കൂടാതെ കൊല്ലപ്പെട്ട മറ്റുള്ളവർക്കുവേണ്ടിയും ശവസംസ്‌കാര പ്രാർത്ഥന പ്രഭാഷണത്തിന് ശേഷം നടത്തുമെന്ന് പ്രഖ്യാപിച്ചു.