റോം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. കേരളത്തിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥിക്കാൻ മാർപാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർത്ഥനാ ചടങ്ങിനിടെയൊണ് വയനാട് ദുരന്തത്തെ കുറിച്ച് മാർപാപ്പ അനുസ്മരിച്ചത്.
ഇസ്രായേൽ- പലസ്തീൻ യുദ്ധം സൃഷ്ടിക്കുന്ന ഭീകരതയെയും മാർപാപ്പ പ്രാർത്ഥനയിൽ പരാമർശിച്ചു. യുദ്ധം മനുഷ്യന്റെ പരാജയമാണെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ നടത്തണമെന്നും മാർപാപ്പ പറഞ്ഞു. അക്രമവും കൊലപാതകവും ഒന്നിനുമൊരു പരിഹാരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷത്തിൽ ജീവൻ നഷ്ടമായ നിഷ്കളങ്കരും നിരപരാധികളുമായ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. അക്രമം ഒരിക്കലും സമാധനം നൽകില്ലെന്നും പ്രതികാരവും ശത്രുതയും മാത്രമേ സൃഷ്ടിക്കുകയുള്ളൂവെന്നും പോപ് കൂട്ടിച്ചേർത്തു.