ഷിംല: ഹിമാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഷിംലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. 40-ലധികം ആളുകളെ കാണാനില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ജൂലൈ 31-ന് കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന എന്നിവിടങ്ങളിലും മാണ്ഡിയിലെ പധാർ, ഷിംലയിലെ രാംപൂർ എന്നിവിടങ്ങളിലുമാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും 662 കോടിയുടെ നാശനഷ്ടമാണുണ്ടായത്. സംസ്ഥാനത്ത് റോഡുകൾ പലതും തകർന്ന നിലയിലാണ്.
മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ കാരണം ഹിമാചലിലെ 87 റോഡുകളാണ് അടച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പോലും കടന്ന് ചെല്ലാൻ സാധിക്കാത്ത അവസ്ഥയാണ്.
ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകൾ, സൈന്യം, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനത്തിന് സജീവമായി വിവിധയിടങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. എല്ലാവരും സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശിച്ചിട്ടുണ്ട്.















