പച്ച പുതച്ച് നിൽക്കുന്ന കേരളക്കര. സായിപ്പന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഗോഡ്‌സ് ഓൺ കൺട്രി’! സമൃദ്ധമായി വളരുന്ന തേയിലത്തോട്ടങ്ങൾ, തെളിമയോടെ കുളിരേകി ഒഴുകുന്ന നദികൾ, വെള്ളച്ചാട്ടങ്ങൾ, കുന്നുകൾ, മലകൾ അങ്ങനെ എത്ര വർണിച്ചാലും തീരാത്ത കാഴ്ചകളാണ് കേരളത്തിന് മാത്രം സ്വന്തമായുള്ളത്. ഇതിനാൽ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കൂടുകയാണ്.
എന്നാൽ വരും നാളുകൾ മുന്നിൽ കണ്ട് പ്രതീക്ഷയോടെ കിടന്നുറങ്ങിയ മുണ്ടക്കൈയെന്ന ഗ്രാമത്തിലെ ജനങ്ങളെ അപ്രതീക്ഷിതമായാണ് ഉരുളെടുത്ത്. നിരവധിപേരുടെ ജീവൻ കവർന്ന ഉരുൾ നിമിഷനേരം കൊണ്ടാണ് ഒരു ഗ്രാമത്തെ ഇല്ലാതാക്കിയത്. എന്നാൽ ഇത്തരം ദുരന്തഭൂമി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ കുത്തൊഴുക്കും കൂടി വരികയാണ്. മനുഷ്യത്വം മാറ്റി നിർത്തപ്പെടുന്ന ഡാർക്ക് ടൂറിസം എന്തെന്ന് അറിയാം..
” ദുരിതബാധിത സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാൻ വരരുത്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. സഹായത്തിന് ദയവായി 112 എന്ന നമ്പറിലേക്ക് വിളിക്കൂ” – കേരള പൊലീസിന്റെ എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശത്തിന് ഇന്ന് പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ഭീതിപ്പെടുത്തുന്ന മരണക്കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചു വരുന്ന ഡാർക്ക് ടൂറിസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ജനങ്ങളിൽ ഡാർക്ക് ടൂറിസത്തെ കുറിച്ചുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നതായി പഠനങ്ങൾ പറയുന്നു. ദുരന്ത സ്ഥലങ്ങൾ അനാവശ്യമായി സന്ദർശിക്കാൻ ആളുകൾ എത്തുന്നു. വാട്ടർലൂ യുദ്ധക്കാലത്ത് ഫ്രാൻസിൽ പരസ്യമായി കുറ്റവാളികളെ തൂക്കിലേറ്റുന്നത് കാണാൻ പോലും തടിച്ചു കൂടിയത് വൻ ജനാവലിയാണ്.
Passport-photo.online പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 82% ആളുകളും ഡാർക്ക് ടൂറിസത്തിൽ ആകാംക്ഷ പ്രകടിപ്പിക്കുന്നതായി പറയപ്പെടുന്നു. ദുരന്തങ്ങൾ നടന്ന ഇടങ്ങളും യുദ്ധഭൂമികളും സന്ദർശിക്കാൻ ഇത്തരക്കാർ താത്പര്യം പ്രകടിപ്പിക്കുന്നതായി സർവേകളിൽ പറയുന്നു. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിച്ചതിന് ശേഷം ഈ മേഖലകളിലേക്ക് യാത്ര നടത്തണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകത്തിൽ നിരവധി ആളുകളുടെ അസ്ഥികൂടമുണ്ട്. ഈ അവശിഷ്ടങ്ങളുടെ ഉത്ഭവം ഒരു രഹസ്യമായി ഇന്നും തുടരുന്നു. എന്നാൽ ഇവിടം സന്ദർശിക്കാൻ താത്പര്യപ്പെടുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ ഭീതിപരത്തുന്നതും നിഗൂഢതകൾ നിറഞ്ഞിരിക്കുന്നതുമായ പ്രദേശങ്ങൾ സന്ദർശിക്കാനും ഡാർക്ക് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തയ്യാറാവുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.















