ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. മദ്യനയ കുംഭകോണ കേസിൽ സിബിഐ എടുത്ത കേസിൽ കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയില്ല. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നീന ബെൻസാൽ കൃഷ്ണയാണ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ചിത്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളായിരുന്നു കെജ്‌രിവാൾ കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും കെജ്‌രിവാൾ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ വാദം കേട്ട കോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതിനായുള്ള തെളിവുകളൊന്നുമില്ലെന്നും അതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയത് തള്ളിക്കളയാൻ സാധിക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ഇതിനാൽ ഇതിനൊപ്പമുള്ള ജാമ്യാപേക്ഷയും കോടതി തള്ളി.
ഇഡി രേഖപ്പെടുത്തിയ അറസ്റ്റിൽ സുപ്രീം കോടതിയായിരുന്നു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നാലെ കെജ്‌രിവാളിനെതിരെ സിബിഐ കേസെടുത്തതോടെ കേസ് തള്ളികളയുന്നതിനും ജാമ്യം അനുവദിക്കുന്നതിനുമായി കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് സിബിഐ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുത്തത്.















