ന്യൂഡൽഹി: സായുധ സേനയുടെ വ്യോമ പ്രതിരോധത്തിന് കരുത്ത് കൂട്ടാൻ 200 അസ്ത്ര എയർ-ടു-എയർ മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകി വ്യോമസേന. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO) ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിനുമാണ് (BDL) മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. വ്യോമസേനയുടെ Su-3O, LCA തേജസ് യുദ്ധവിമാനങ്ങൾക്കയാണ് അസ്ത്ര മിസൈലുകൾ നിർമ്മിക്കുന്നത്.
വ്യോമസേനാ ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിതിന്റെ ഹൈദരാബാദ് സന്ദർശനത്തിനിടെയാണ് ഡിആർഡിഒയ്‌ക്കും പൊതുമേഖലാ സ്ഥാപനമായ ബിഡിഎല്ലിനും അനുമതി ലഭിച്ചത്. പദ്ധതി വികസിപ്പിക്കുന്നത് ഡിആർഡിഒയും നിർമ്മിക്കുന്നത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമാണ്. ഇന്ത്യൻ സായുധ സേനയുടെ വ്യോമാക്രമണ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അസ്ത്ര പദ്ധതിയുടെ ഭാഗമാണ് എയർ ടു എയർ മിസൈലുകളുടെ ഈ ശ്രേണി. അസ്ത്ര മാർക്ക് 2 ന്റെ മുൻഗാമിയായ അസ്ത്ര മാർക്ക് 1 മിസൈൽ ഇതിനകം തന്നെ വ്യോമസേനയിലും നാവികസേനയിലും വിജയകരമായി പരീക്ഷിച്ചിരുന്നു.
ആസ്ട്ര മാർക്ക് 2 മിസൈലുകളുടെ നിർമ്മാണം നടന്നുവരികയാണെന്നും 130 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് മിസൈലിന്റെ ആദ്യ പരീക്ഷണം വരും മാസങ്ങളിൽ നടക്കുമെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലുള്ള ആസ്ട്ര മാർക്ക് 1 മിസൈലിന് 100 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ പ്രത്യേക മോട്ടോർ വികസിപ്പിക്കുന്നതിലാണ് ഡിആർഡിഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2001 ലാണ് തദ്ദേശീയമായി എയർ-ടു-എയർ മിസൈൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചത്. പിന്നീട് ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ലബോറട്ടറി (ഡിആർഡിഎൽ) ഈ പദ്ധതിയുടെ നോഡൽ ലാബായി കണ്ടെത്തുകയും പ്രാഥമിക പഠനങ്ങൾ നടത്തുന്നതിനും മറ്റുമായി ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകുകയും ചെയ്തിരുന്നു.