ന്യൂഡൽഹി: ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നതായി ഇന്ത്യയിലെ മുൻനിര എയർലൈൻസായ ഇൻഡിഗോ. എയർലൈൻ 18-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ പ്രഖ്യാപനം വരുന്നത്. മെട്രോ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് നാളെ മുതൽ ഇൻഡിഗോ ഫ്ലൈറ്റുകളിൽ ബിസിനസ് ക്ലാസ് സീറ്റുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു.
18 വർഷത്തെ പ്രവർത്തന പരിചയത്തിൽ ഇതുവരെ ഇക്കോണമി ക്ലാസ് മാത്രം നൽകിയിരുന്ന ഇൻഡിഗോയുടെ സേവനരീതിയിൽ ഇത് ഒരു വലിയ മാറ്റമായിരിക്കും കൊണ്ട് വരിക. ബുക്കിംഗ് ഉടനടി തുടങ്ങുമെങ്കിലും പുതിയ ബിസിനസ് ക്ലാസ് സേവനം വരുന്ന നവംബറിൽ മാത്രമേ ലഭ്യമാകൂ എന്ന് ഇൻഡിഗോ അറിയിച്ചു.
ബിസിനസ് ക്ലാസിനു പുറമെ 2027 ഓടുകൂടി എയർബസ് 350-900 വിമാനങ്ങളിൽ വൈഡ് ബോഡി സർവീസ് ആരംഭിക്കുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര വിമാനസർവീസിൽ മെച്ചപ്പെട്ട യാത്ര ആഗ്രഹിക്കുന്ന വിഭാഗക്കാർക്ക് വേണ്ടിയുള്ളതാണ് ഇൻഡിഗോയുടെ പുതിയ നീക്കം.















