ബെംഗളൂരു: കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി കർണാടക മാറിയെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര. ബിജെപിയും ജെഡിയുവും സംയുക്തമായി സംഘടിപ്പിച്ച ‘മൈസൂരു ചലോ’ പദയാത്രയ്‌ക്കിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അഴിമതിക്കേസുകൾ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ വിജയേന്ദ്ര ആഞ്ഞടിച്ചു.
മുഡ, വാൽമീകി കോർപ്പറേഷൻ അഴിമതികൾ ആരോപിച്ച് കർണാടകയിലെ ബിജെപി- ജെഡിഎസ് സഖ്യം ഓഗസ്റ്റ് 3 മുതൽ 10 ദിവസത്തെ ‘മൈസൂർ ചലോ’ പദയാത്ര ആരംഭിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ കെംഗേരിയിൽ നിന്ന് മൈസൂരിലേക്കുള്ള യാത്ര ഇന്ന് ചന്നപട്ടണയിലെത്തി.
അധികാരത്തിൽ വന്നാൽ നല്ല ഭരണവും, അഴിമതി രഹിത സർക്കാരും, വികസനവും കാഴ്ചവയ്‌ക്കുമെന്ന കോൺഗ്രസ് വാഗ്ദാനം പൊള്ളയാണെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.”കർഷകർ ദുരിതമനുഭവിക്കുന്നു. മുഖ്യമന്ത്രി പല അഴിമതി കേസുകളും അവഗണിക്കുന്നു. മുഖ്യമന്ത്രി കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുകയാണ്. കർണാടക, കോൺഗ്രസ് പാർട്ടിയുടെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി മാറിയിരിക്കുന്നു. അതിനാൽ ഞങ്ങൾ ഇതിനെതിരെ പോരാടുകയാണ്. ഈ അഴിമതിക്കാരനായ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” വിജയേന്ദ്ര പറഞ്ഞു.
അതേസമയം എല്ലാ രേഖകളും സിദ്ധരാമയ്യയുടെ മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. “അദ്ദേഹത്തിന് വ്യക്തിപരമായി ഈ വിഷയം നേരിടാൻ കഴിയില്ല. അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തിനാണ് മന്ത്രിമാരുടെയും ഹൈക്കമാൻഡിന്റെയും സഹായം തേടുന്നതെന്നും അദ്ദേഹം ചോദിച്ചു.