ഭോപ്പാൽ : ഉജ്ജയിനി മഹാകാലേശ്വരന് മുന്നിൽ ഒരേസമയം ഡമരു കൊട്ടി ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച് 1500-ഓളം കലാകാരന്മാർ .മഹാകാലേശ്വർ ക്ഷേത്രത്തോട് ചേർന്നുള്ള മഹാകാൽ ഇടനാഴിയിൽ കാവി വസ്ത്രങ്ങളണിഞ്ഞ കലാകാരന്മാർ ശ്രീകോവിലിലെ ‘ഭസ്മ ആരതി’ ചടങ്ങിനിടെയാണ് താളമേളത്തിന്റെയും ആവേശം സൃഷ്ടിച്ചത്.
ശ്രീ മഹാകലേശ്വർ ക്ഷേത്ര ഭരണ സമിതിയും മധ്യപ്രദേശ് സർക്കാരിന്റെ സാംസ്കാരിക വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് . നേരത്തെ, 2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ 488 പേർ അടങ്ങുന്ന സംഘം ഡമരു മുഴക്കിയതിന്റെ റെക്കോർഡ് നേടിയിരുന്നു.
‘ബാബ മഹാകാൽ നഗരത്തെ ഡമരുവിന്റെ ശബ്ദത്താൽ പ്രതിധ്വനിപ്പിക്കണമെന്ന ആഗ്രഹം സഫലമായിരിക്കുന്നു’ എന്നാണ് കലാകാരന്മാരെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞത്. മഹാകാലേശ്വരനാണ് ഈ നേട്ടം സമർപ്പിക്കുന്നതെന്ന് ഉജ്ജയിൻ ജില്ലാ കളക്ടർ നീരജ് കുമാർ സിംഗ് പറഞ്ഞു.