വയനാട്: ദുരന്ത മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വിപുലമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങൾ ഓരോ ഭാഗങ്ങളിലായി തെരച്ചിൽ നടത്തിവരികയാണെന്നും എല്ലാ മേഖലകളിലും തെരച്ചിൽ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. ചൂരൽമല സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടർ.
നാട്ടുകാർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. വീടുകൾ, സ്കൂളുകൾ ഉള്ളയിടത്തൊക്കെ തെരച്ചിൽ നടത്തുകയാണ്. കൃത്യമായ തെരച്ചിൽ ഓപ്പറേഷനാണ് സജ്ജീകരിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകളുടെ 40 ടീമുകളാണ് സ്ഥലത്തുള്ളത്. 1,300-ലധികം രക്ഷാപ്രവർത്തകരും 1,700-ലധികം വോളന്റിയർമാരും സജീവമായി പ്രവർത്തിക്കുന്നു.
എല്ലാ സന്നദ്ധ സംഘടനകൾക്കും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അവരുടെ സുരക്ഷിതത്വവും പ്രധാനമാണ്. രക്ഷാപ്രവർത്തനത്തിന് പോയവരെല്ലാം തിരിച്ചുവരുന്നുണ്ടോ എന്നറിയാനാണ് കൃത്യമായ ഒരു രജിസ്ട്രേഷൻ നടപടി ഏർപ്പെടുത്തിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.